This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലെയറിസ്റ്റ് സഹോദരിമാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലെയറിസ്റ്റ് സഹോദരിമാര്‍

മാര്‍പ്പാപ്പയുടെ നിയന്ത്രണത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു കത്തോലിക്കാ സന്ന്യാസിനീസമൂഹം. വിശുദ്ധ ക്ലാര എ.ഡി. 1212-ല്‍ ഇറ്റലിയിലെ അസീസി എന്ന സ്ഥലം കേന്ദ്രമാക്കി സ്ഥാപിച്ചതാണ് ഈ സന്ന്യാസിനീ സമൂഹം. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ നിന്നാണ് ക്ലാര പ്രചോദനം ഉള്‍ക്കൊണ്ടത്. ക്ലാരസഹോദരിമാര്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ക്ലാരസഹോദരിമാരുടെ ജീവിതചര്യയുടെ അടിസ്ഥാനതത്ത്വം ദാരിദ്ര്യമാണ്. ഈ ലോകജീവിതത്തെ സംബന്ധിച്ചിടത്തോളം സന്ന്യാസിനിമാര്‍ അപരിചിതരെപ്പോലെയും തീര്‍ഥാടകരെപ്പോലെയും ജീവിക്കണമെന്ന് വിശുദ്ധ ക്ലാര തന്റെ അനുയായികളായ, സന്ന്യാസിനിമാരെ ഉദ്ബോധിപ്പിച്ചിരുന്നു. സ്വന്തമായി എന്തെങ്കിലും സമ്പാദ്യം സൂക്ഷിക്കുന്നതിന് ഈ സന്ന്യാസിനിമാര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ദാരിദ്യ്രത്തിലൂടെയും വിനയത്തിലൂടെയും യേശുക്രിസ്തുവിനെ സേവിക്കുകയാണ് ഏറ്റവും വലിയ സുകൃതമെന്ന് ഇവര്‍ വിശ്വസിച്ചു. ഇവരുടെ സുകൃതജീവിതത്തില്‍ ആകൃഷ്ടരായിത്തീര്‍ന്ന അനേകം യുവതികള്‍ ഈ സന്ന്യാസിനീസമൂഹത്തില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ക്ലാരസഹോദരിമാരുടെയും അവരുടെ കന്യാസ്ത്രീമഠങ്ങളുടെയും സംഖ്യ വര്‍ധിച്ചുകൊണ്ടേയിരുന്നു. യൂറോപ്പിന്റെ നാനാഭാഗങ്ങളിലും ഇവരുടെ മഠങ്ങള്‍ സ്ഥാപിതമായി. നിരന്തരമായ പ്രാര്‍ഥനകള്‍, മൌനധ്യാനം, അധ്വാനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ ഈ സന്ന്യാസിനിമാര്‍ ജീവിതം നയിക്കുന്നു. കഠിനമായ തപശ്ചര്യയില്‍ അധിഷ്ഠിതമാണ് ഇവരുടെ ജീവിതം. ഭക്ഷണസമയത്തും ജോലിസമയത്തും നിശബ്ദത പാലിക്കണമെന്നുള്ളത് ഇവരുടെയിടയിലുള്ള കര്‍ശനമായ നിയമമാണ്. ഓരോ ദിവസവും വിനോദത്തിനുവേണ്ടി അനുവദിച്ചിട്ടുള്ള ഒരു മണിക്കൂര്‍ മാത്രമേ അവര്‍ സ്വതന്ത്രമായി സംസാരിക്കാറുള്ളൂ. ഞായറാഴ്ചകളും ക്രിസ്മസ്ദിനവും ഒഴിച്ചുള്ള ദിവസങ്ങളില്‍ മാംസം ഭക്ഷിക്കുവാന്‍ പാടില്ലെന്നുള്ളതും ഈ സമൂഹത്തിലെ നിയമമാണ്. സമൂഹമായി ജീവിക്കുന്ന ക്ലാരസഹോദരിമാര്‍ ഓരോരുത്തരും അവരുടെ ജീവസന്ധാരണത്തിനുവേണ്ടി അധ്വാനിക്കണമെന്നുള്ളതും കര്‍ശനമായ നിയമമാകുന്നു. ക്ലാരസഹോദരിമാര്‍ ഇന്ന് 70 രാജ്യങ്ങളിലായി 16 ഫെഡറേഷനുകളില്‍ ആയിരക്കണക്കിന് കന്യാസ്ത്രീമഠങ്ങളുമുണ്ട്. ഇവയിലെ അന്തേവാസികളായ കന്യാസ്ത്രീകളുടെ സംഖ്യ 20,000-ല്‍പ്പരം വരും. നോ. ക്ലാരാ, വിശുദ്ധ

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍